ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കൊക്കയാർ ​ഗ്രാമപഞ്ചായത്ത്  ചരിത്രം

ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍ അഴുത ബ്ലോക്ക്, കൊക്കയാര്‍ വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് കൊക്കയാര്‍ ഗ്രാമപഞ്ചായത്ത്. 55.91 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കൂട്ടിക്കല്‍, ഏലപ്പാറ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ഏലപ്പാറ, പീരുമേട് പഞ്ചായത്തുകളും, തെക്കുഭാഗത്ത് പെരുവന്താനം ഗ്രാമപഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കൂട്ടിക്കല്‍, മുണ്ടക്കയം പഞ്ചായത്തുകളുമാണ്. കൊക്കയാര്‍ തികച്ചും ഒരു കാര്‍ഷിക ഗ്രാമമാണ്. പഞ്ചായത്തിന്റെ വടക്കു കിഴക്കേ അതിര് ഒറ്റ മലനിരയായി തെക്കുപടിഞ്ഞാറു ചെരിഞ്ഞുകിടക്കുന്നു. ഈ മലനിരയുടെ ഏറ്റവും മുകള്‍ഭാഗം പാറക്കെട്ടുകളും പുല്‍മേടുകളും നിറഞ്ഞ കൃഷി യോഗ്യമല്ലാത്ത ഭൂമിയാണ്. ഏറ്റവും ഉയരം കൂടിയ പ്രദേശം ഉറുമ്പീക്കരയാണ്. സമുദ്രനിരപ്പില്‍  നിന്നും ഏകദേശം 3000 അടി വരെ ഉയരമുള്ള ഈ പ്രദേശത്ത് തണുപ്പു കൂടുതലുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ശക്തിയായ കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭപ്രശ്നങ്ങള്‍ നിരന്തരം ഈ പഞ്ചായത്ത് പ്രദേശത്ത് ഉണ്ടാകാറുണ്ട്. ഇളംകാട്, മുക്കുളം എന്നീ മലകളില്‍ നിന്നും ഉത്ഭവിച്ച് തെക്കോട്ടൊഴുകി മുണ്ടക്കയത്തുവച്ച് മണിമലയാറ്റില്‍ ചേരുന്ന പുല്ലകയാറും പെരുവന്താനം, അഴങ്ങാട് മലകളില്‍ നിന്ന് ഉത്ഭവിച്ച് പഞ്ചായത്തിന്റെ മദ്ധ്യഭാഗത്തുകൂടി  പടിഞ്ഞാറോട്ട് ഒഴുകി പുല്ലകയാറ്റില്‍ ചേരുന്ന കൊക്കയാറുമാണ് പ്രധാന നദികള്‍. കൊക്കയാര്‍ പഞ്ചായത്ത് ആദ്യകാലത്ത് പെരുവന്താനം വില്ലേജിന്റെ ഭാഗമായിരുന്നു. 1-8-1982-ല്‍ പുതിയ കൊക്കയാര്‍ വില്ലേജ് പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ ജനവിഭാഗങ്ങളും അവരുടെ സംസ്കാരവും പരസ്പരം ഇഴുകി ചേര്‍ന്ന് ഒരു പുത്തന്‍ സംസ്കാരം പടുത്തുയര്‍ത്തിയ തലമുറയാണ് ഇന്നത്തെ കൊക്കയാര്‍ നിവാസികള്‍. പഞ്ചായത്തിലെ കുറ്റിപ്ലാംഗാടു പ്രദേശത്തുള്ള പാറക്കയം വെള്ളച്ചാട്ടം നയനമനോഹരമായ ഒരു കാഴ്ചയാണ്. ഏതാണ്ട് 250 അടി ഉയരത്തില്‍ നിന്നും പതിക്കുന്ന വെള്ളച്ചാട്ടത്തിനും പാറക്കുമിടയിലൂടെ നനയാതെ സഞ്ചരിക്കാന്‍ കഴിയും. കൂടാതെ പട്ടിക്കുന്നു മുതല്‍ ഉറുമ്പിക്കര വരെ വ്യാപിച്ചുകിടക്കുന്ന ഉറുമ്പിക്കര വിനോദസഞ്ചാരകേന്ദ്രത്തിലെ വിശാലമായ പുല്‍മേടുകള്‍ സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ക്ക് ഹരം പകരുന്ന അപൂര്‍വ്വമായ ഒരു കാഴ്ചയാണ്. ഉന്നതമായ ഒരു സാംസ്കാരികപൈതൃകത്തിന്റെ ഉടമകളാണ് കൊക്കയാര്‍ ജനത. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിലനിന്നിരുന്ന ജനതയുടെ സാംസ്ക്കാരിക ചരിത്രം വിളിച്ചോതുന്ന ചരിത്രസ്മാരകങ്ങള്‍ ഇന്നും ഇവിടെ നിലനില്‍ക്കുന്നു.  ഔപചാരികവും അനൌപചാരികവുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സമൂഹത്തിന്റെ സാംസ്കാരിക വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.